ഞാന്‍ പോകണമെന്ന് വരരെയധികം ആഗ്രഹിച്ച സ്ഥലങ്ങളാണ് തിരുപ്പതിയും, ശ്രീകാളഹസ്‌തിയും. തിരുപ്പതിക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. തലേന്ന് ശ്രീകാളഹസ്‌തിയില്‍ ചെന്ന് അന്നവിടെ തങ്ങി പിറ്റേന്ന് തിരുപ്പതിക്കു പോകുക ഇതാണ് പ്ലാന്‍. കാളഹസ്‌തിയില്‍ തലേന്ന് വന്നതാണ് . കാളഹസ്‌തിയിയിലെ വിശേഷങ്ങള്‍ ‘ ദക്ഷിണ കൈലാസത്തില്‍ ‘ എന്ന യാത്രാവിവരണത്തില്‍ പറഞ്ഞിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃതിങ്ങള്‍ കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തി, അതിരാവിലെ ആയിട്ടാകും ശാന്തമാണ് ക്ഷേത്രം. ക്ഷേത്രത്തിനു പുറത്തിറങ്ങി തലേന്ന് നടന്ന വഴികളിലൂടെ കാളഹസ്‌തിയില്‍ ഒന്നുകൂടി നടന്ന് തിരികെ മുറിയില്‍ വന്ന് കെട്ടുമുറിക്കി നേരെ തിരുപ്പതിക്ക്.

ടിക്കറ്റില്‍ എനിക്കനുവദിച്ച സമയം രാവിലെ 10 മണിയാണ്. വണ്ടി തിരുപ്പതിയില്‍ല്‍ എത്തി തിരുപ്പതി ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമലയിലേക്കുള്ള വഴിയില്‍ വലിയ ഗരുഡന്‍റെ പ്രതിമക്കു പുറകില്‍ ചെക്പോസ്റ്റ്ഉണ്ട്. അലിപിരി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ വാഹനങ്ങള്‍ പരിശോധന കഴിഞ്ഞേ മുകളിലേക്ക് വിടുകയുള്ളൂ. മല നടന്നുകയറുന്ന ഭക്തര്‍ക്ക്ള്ളവഴി തുടങ്ങുന്നതും ഇവിടുന്നു തന്നെ. കുറെ വണ്ടികള്‍ നിരനിരയായി കിടക്കുന്നു അവയ്ക്ക് പുറകില്‍ ഞാന്‍ വണ്ടി നിര്‍ത്തി. പ്രകൃതിരമണീയമായ ചന്ദ്രഗിരി കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന സ്വര്‍ണമുഖി നദിയുടെ താഴ്വാരത്തില്‍ സ്ഥിതിചെയ്യുന്ന തിരുപ്പതി ക്ഷേത്രങ്ങളുടേയും തീര്‍ഥാടന കേന്ദ്രങ്ങളുടേയും നഗരമാണ്. ഏഴു മലകളിലെ അധിപനാണ് വെങ്കിടാചലപതി. ശേഷാചലം, ഗരുഡാചലം, നാരായണാചലം, വൃഷഭാചലം, വൃഷാചലം, ആജ്ഞനേയാചലം, വെങ്കിടാചലം എന്നിവയാണ് ഏഴ് മലകള്‍. ഈ ഏഴ് മലകള്‍ താണ്ടി വേണം വെങ്കിടാചലപതിയുടെ അടുത്തെത്താന്‍.

ഇതില്‍ വെങ്കടാദ്രി മലയുടെ മുകളിലാണ് വെങ്കടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്ന് മലകയറുന്ന വഴിയുടെ ആദ്യം ഒരു ക്ഷേത്രമുണ്ട് ഇവിടത്തെ പ്രതിഷ്ഠയും വെങ്കടേശ്വരസ്വാമിയാണ്. ഇത് അറിയപ്പെടുന്നത് പാദാല മണ്ഡപം എന്നാണു. വെങ്കടേശ്വരസ്വാമി എല്ലാ ദിവസവും രാത്രി മുകളില്‍ നിന്നിറങ്ങി തിരുച്ചാനൂരിലുള്ള പദ്മാവതീദേവിയുടെ അടുത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിൽ ഭഗവാൻ വിശ്രമിയ്ക്കുന്ന സ്ഥലമാണ് പാദാല മണ്ഡപം എന്ന് പറയുന്നു. തിരുമല ഒമ്പതു കിലോമീറ്റർ ഉണ്ട് നടന്നുകയറാൻ [ 3500 പടികള്‍ ] വഴികളില്‍ വെള്ളം, ഭക്ഷണം, ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. എന്‍റെ വണ്ടിയുടെ പരിശോധനകഴിഞ്ഞു. ഞാന്‍ വണ്ടി തിരുമല ലക്ഷ്യമാക്കിവിട്ടു. അതിസുന്ദരമായ റോഡ് 21 k, m, ആണ് റോഡു മാര്‍ഗ്ഗം തിരുമലക്ക്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തി കൂടിയാണ് ഈ വഴി പോകുന്നത്. വഴിനീളെ ചെറിയ ക്ഷേത്രങ്ങളും, മനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും, കൊച്ചരുവികളും നയനാന്ദകരമായ കാഴ്ച്ചയാണ്.

മുകളിലെ ചെന്ന് ചെക്പോസ്റ്റില്‍ വണ്ടി പിടിച്ചു ഓവര്‍ സ്പീഡ് നല്ല വഴി ആയതിനാല്‍ സ്പീഡ് കുറച്ചു കൂടിപോയി. അവിടുന്നൊരു റസീറ്റ് തന്നു അവിടുള്ള വിജയാബാങ്കില്‍ പണമടച്ച് രസീത് അവരെ കാണിക്കണം. ബാങ്കില്‍ പണമടച്ച് രസീത് അവരെ കാണിച്ച് വണ്ടി പാര്‍ക്ക്ചെയ്തു. ഓണ്‍ലൈന്‍ ടിക്കറ്റില്‍ വണ്ടി പാര്‍ക്ക് ചെയ്യേണ്ട സ്ഥലവും രേഖപ്പെടുത്തിയിരിക്കും. ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയത്തെ അകത്തേക്ക് വിടുകയുള്ളൂ. ബാലാജി ദർശനത്തിനെത്തുന്നവർക്ക് രണ്ടുമിനിറ്റിന്‍റെ ഇടവേളകളിൽ സർക്കാർ ബസ്സുകൾ തിരുമലയ്ക്കും അവിടെനിന്നു തിരിച്ചും ഇടതടവില്ലാതെ സർവീസ് നടത്തുന്നു. A D- 300 മുതൽ ആരംഭിച്ച ഈ ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ചതാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രവും, ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ക്ഷേത്രവും തിരുപ്പതിയാണ്. പല്ലവ, ചോള, പാണ്ഡ്യ, വിജയനഗർ ഭരണാധികാരികളും, മൈസൂര്‍ ഭരണാധികാരികളും എന്നു വേണ്ട മാറിമാറിവരുന്ന ഭരണാധികാരികളെല്ലാം ക്ഷേത്രയാഗങ്ങളായി ഫണ്ടും ആഭരണങ്ങളും വാരികോരിനൽകിയിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടത്തിൽ മറാഠ ജനറൽ രഘോജി ഒന്നാമൻ ഭോൺസിൽ ക്ഷേത്രത്തിന്‍റെ ആരാധനയ്ക്കായി ഒരു സ്ഥിരമായ ഒരു സ്ഥാപനം സ്ഥാപിച്ചു. 1932 ൽ ടിടിഡി ആക്ട് വഴി തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളും അവ നടത്തിയിരുന്ന എല്ലാ പ്രസ്ഥാനങ്ങളും ടി.ടി.ഡി യുടെ കീഴിലാക്കി. ആയിരത്തിലേറെ കോട്ടേജുകള്‍ ഭക്തര്‍ക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 50 രൂപ മുതല്‍ 1000 രൂപവരെയുള്ള കോട്ടേജുകള്‍ ആണ് ഇവിടെയുള്ളത്. ഇതുകൂടാതെ സൗജന്യ താമസ സൗകര്യവും ഇവിടെയുണ്ട്. ഇവിടെ എവിടെ തിരിഞ്ഞാലും മൊട്ടതലകള്‍ തന്നെ. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമൊട്ടയടിക്കല്‍. അഹം [ ഞാനെന്ന ഭാവം ] ഇല്ലാതാക്കുക എന്നാണു ഇതുകൊണ്ട് ഉദേശിക്കുന്നത്. ദിവസേന ആയിരക്കണക്കിനാളുകള്‍ ആണ് ഈ വഴിപാടു നടത്തുന്നത്. എനിക്ക് അകത്തുകയറുവാനുള്ള സമയമായി. ഇനി അകത്തുള്ള വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്.