ഇതൊരു തീര്‍ഥയാത്രയാണോ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരമില്ല. കാരണം ഞാന്‍ പോകുന്നത് ശ്രീകാളഹസ്‌തിയിലേക്കാണ് അവിടേക്ക് എങ്കില്‍ തീര്‍ഥയാത്രതന്നെ. ശരിക്കും തീര്‍ഥയാത്രയാണോ? ശരീരത്തിനും, മനസ്സിനും ഉണര്‍വ്വ് നല്‍കുന്ന യാത്രകള്‍ തീര്‍ഥയാത്രകള്‍ ആണെങ്കില്‍ ഇതൊരു തീര്‍ഥയാത്രയാണ്. ഞാന്‍ ദേവാലയങ്ങളില്‍ പോയാല്‍ അത് ഏതു ദേവാലയവും ആയികൊള്ളട്ടെ, എവിടെ പോയാലും അവിടെ ഒരുനിമിഷം ഞാന്‍ എല്ലാം മറന്നു നില്‍ക്കും അത് പ്രാര്‍ഥനയാണോ എന്ന് അറിയില്ല. ഞാന്‍ ദേവാലയങ്ങളില്‍ പോകുന്നത് അവിടുത്തെ ആചാരങ്ങള്‍, വിശ്യാസകാഴ്ച്ചകള്‍, ഇതിനെല്ലാം പുറമേ ദേവാലയ നിര്‍മ്മാണങ്ങള്‍, ചുറ്റുമുള്ള ജീവിത കാഴ്ച്ചകള്‍ ഇവ കാണുവാനാണ്. എന്തായാലും പ്രസിദ്ധമായ ദേവാലയങ്ങള്‍ക്കെല്ലാം ആരും അറിയാത്ത, അറിയാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്ന അനവധി കഥകള്‍ പറയുവാന്‍ കാണും. അതെന്തെങ്കിലും ആകട്ടെ ഞാന്‍ പോകണമെന്ന് വരരെയധികം ആഗ്രഹിച്ച സ്ഥലങ്ങളാണ് തിരുപ്പതിയും, ശ്രീകാളഹസ്‌തിയും.

തിരുപ്പതിക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. തലേന്ന് ശ്രീകാളഹസ്‌തിയില്‍ ചെന്ന് അന്നവിടെ തങ്ങി പിറ്റേന്ന് തിരുപ്പതിക്കു പോകുക ഇതാണ് പ്ലാന്‍. വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകാളഹസ്‌തിയില്‍ എത്തി. ഒരു മുറിയെടുത്ത് അരമണിക്കൂര്‍ വിശ്രമിച്ച് ക്ഷേത്രത്തിലേക്ക് നടന്നു. സുഗന്ദപൂരിതമായ അന്തരീക്ഷം, സന്ധ്യാ ദീപങ്ങളിനാലും, നാമജപഘോഷങ്ങളാലും മുഖരിതമാണ്. ഗംഭീരമായ ക്ഷേത്രമണ്ഡപം കടന്ന് ശ്രീകോവിലേക്കു ക്ഷേത്രശില്പങ്ങള്‍ കണ്ട് പതുക്കെനടന്നു. തിരക്കുണ്ടെങ്കിലും വളരെവേഗം ശ്രീകോവിനു മുന്നിലെത്തി മൂര്‍ത്തിയെ വണങ്ങി വീണ്ടും ക്ഷേത്രത്തിലാകെ ചുറ്റിനടന്നു. വര്‍ഷങ്ങള്‍ കൊണ്ട് അനേകായിരം മനുഷ്യകരങ്ങള്‍ രാപകലില്ലാതെ രൂപപെടുത്തിയ ഈ ക്ഷേത്ര നിര്‍മ്മാണത്തെ, ക്ഷേത്രകലകളെ എത്ര നമിച്ചാലാണ് മതിയാകുക. മനസ്സുകൊണ്ട് ആ മനുഷ്യജന്മങ്ങളെ, ആ കലാകാരന്മാരെ ഒരുകോടി പ്രണാമം അര്‍പ്പിച്ചുകൊണ്ട് അവര്‍ ചെയിത അത്ഭുത സൃഷ്ട്ടികള്‍ കണ്ടു നടന്നു.

പഞ്ചഭൂതങ്ങളില്‍ ഒന്നായ വായു ആരധനാമൂര്‍ത്തിയായുള്ള പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്‌തി. ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്ന വായുലിംഗം ശിവന്റെ പ്രതിരൂപമായി കാണുന്നു. ഈ ശിവന്‍ ഇവിടെ കാളഹസ്‌തീശ്വരനാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്തി. ആന്ധ്രാപ്രദേശിലെ കാളഹസ്‌തി മുനിസിപ്പാലിറ്റിയാണ് ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആന്ധ്രപ്രദേശിലെതന്നെ ലോകപ്രശസ്തമായ തിരുപ്പതിയില്‍ നിന്നും 35 k, m , ആണ് കാളഹസ്തി യിലേക്കുള്ള ദൂരം. കൊച്ചിയില്‍ നിന്നും കോയമ്പത്തൂര്‍, സേലം, കൃഷ്ണഗിരി, ചിറ്റൂര്‍, തിരുപ്പതി, കാളഹസ്തി 710, k, m, ആണ് ദൂരം. സ്വര്‍ണ്ണമുഖി നദിക്കും, കുന്നിനും ഇടയിലായാണ് ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദക്ഷിണ കൈലാസം, ദക്ഷിണകാശി എന്ന പേരുകളിലും ശ്രീകാളഹസ്‌തി അറിയപ്പെടുന്നു. പല്ലവകാലത്ത് നിര്‍മ്മാണം തുടങ്ങിയ ക്ഷേത്രം മൂന്ന് ഘട്ടങ്ങളില്‍ ആയിപണിതാണ് ഇന്നത്തെ രൂപത്തില്‍ ആയത്. പല്ലവരാജാക്കന്മ്മാര്‍ക്കുശേഷം ചോളരാജക്കന്മ്മാരും, പിന്നീടുവന്ന വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മ്മാരും ഈ ക്ഷേത്രം തങ്ങളുടെ രീതിയില്‍ നിര്‍മ്മാണം നടത്തി. ഇതുകാരണം പല്ലവ, ചോള, വിജയനഗര കലകളുടെ ഒരു സങ്കലനമാണ് ശ്രീകാളഹസ്തിക്ഷേത്രം. സഞ്ചാരികള്‍ക്കും, വിശ്വാസികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശ്രീകാളഹസ്തിക്ഷേത്രം. ക്ഷേത്രത്തിനു ചുറ്റുമുള്ള കച്ചവടസ്ഥാപനങ്ങള്‍ ക്ഷേത്രത്തിന്‍റെ മനോഹാരിതകുറക്കുമെങ്കിലും കാഴ്ച്ചകളുടെ കലവറയാണ് ശ്രീകാളഹസ്തിക്ഷേത്രം. ചിലന്തിക്കും പാമ്പിനും, ആനയ്‌ക്കും തന്നോടുള്ള ഭക്തി നേരിട്ടറിഞ്ഞ് ശിവന്‍ വായുവിന്‍റെ രൂപത്തില്‍ ഇവിടെ വന്ന് അവരെ അനുഗ്രഹിച്ച് മോക്ഷം നല്കി എന്നതാണ് ശ്രീകാളഹസ്‌തിയുടെ ഐതിഹ്യമായി പറയുന്ന കഥ.

ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ കാളഹസ്തീശ്വരന്‍ പടിഞ്ഞാട്ടാണ് ദര്‍ശനം ഇത് സ്വയംഭൂലിംഗമാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ലിംഗം പൂജാരികള്‍പോലും തൊടുവാന്‍ പാടില്ല എന്ന്പറയുന്നു. ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു പ്രതിഷ്ഠയായ ജ്ഞാനാപ്രസന്നാംബിക ദേവി ദര്‍ശനം കിഴക്കോട്ടാണ്. ഈ ദേവി തിരുപ്പതി വെങ്കിടാചലപതിയുടെ സഹോദരിയാണെന്ന് വിശ്വസിക്കുന്നു. സത്യശിവ സുന്ദര ദക്ഷിണാമൂര്‍ത്തിയുടെ ദര്‍ശനം തെക്കോട്ടും, പാതാളഗണപതി വടക്കോട്ടും ആണ് ദര്‍ശനം. ക്ഷേത്രത്തിലെ ഭൂഗര്‍ഭഅറയിലാണ് പതാളവിനായകന്‍റെ പ്രതിഷ്ഠ. ഇതു കൂടാതെ സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവതകളെ കൂടാതെ നിരവധി ലിംഗങ്ങളുമുണ്ട്. ധര്‍മ്മരാജാവ്, യമന്‍, സൂര്യന്‍, ചന്ദ്രന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ തുടങ്ങിയ വേറെയും. നാലു വശങ്ങളിലും പ്രധാനപ്പെട്ട ദര്‍ശനങ്ങളും, ഇത്രയേറെ ഉപപ്രതിഷ്ഠകളും ഉള്ള ക്ഷേത്രങ്ങള്‍ വേറെയുണ്ടോ എന്നുതന്നെ സംശയമാണ്.

ഇനി ക്ഷേത്ര നിര്‍മ്മാണ കലകളുടെ കാഴ്ച്ചകളിലേക്ക് പോയാലോ അത് ഇത്രയും പറഞ്ഞതില്‍ കൂടുതല്‍ പറയാനുണ്ട്. ശില്പകലാ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്ന ഗോപുരങ്ങള്‍ മൂന്നെണ്ണമാണിവിടെ ഉള്ളത്. കാളഹസ്തീശ്വരന്‍ ഗിരിപ്രദക്ഷിണത്തിന് പുറത്തിറങ്ങുന്ന രാജഗോപുരത്തിന് 120 അടിയാണ് ഉയരം. ഇതുകൂടാതെ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായര്‍ പണികഴിപ്പിച്ച നൂറ് തൂണുകളുള്ള ക്ഷേത്രമണ്ഡപം ഒരു വിസ്മയകാഴ്ച്ച തന്നെയാണ്. നൂറ് തൂണുകളുള്ള ക്ഷേത്രമണ്ഡപം കൂടാതെ നൂറുകാല്‍മണ്ഡപം, പതിനാറുകാല്‍മണ്ഡപം, നഗരേശ്വരമണ്ഡപം, ഗുരുപാസനിമണ്ഡപം, കോട്ടമണ്ഡപം എന്നീമണ്ഡപങ്ങളെല്ലാം കരിങ്കല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്നത് കണ്ടാല്‍ അതിശയിച്ചുപോകും.

ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തുള്ള മലയില്‍ ബ്രഹ്മാവിനും, കണ്ണേശ്വരനും വടക്കുഭാഗത്തെ മലയില്‍ ദുര്‍ഗയുടെതുമായി ഓരോക്ഷേത്രങ്ങള്‍ ഉണ്ട്. മലമുകളിലേക്ക് പത്തുനൂറു പടികള്‍ കയറി പോകണം. അസ്തമയ സൂര്യകിരണങ്ങളില്‍ മലമുകളില്‍ നിന്നുള്ള കാളഹസ്തിയുടെ കാഴ്ച്ച മനോഹരമാണ്. സ്വര്‍ണ്ണമുഖി നദിയില്‍ വെള്ളം കുറവാണെങ്കിലും സൂര്യകിരണങ്ങളാല്‍ സ്വര്‍ണ്ണ കംമ്പളം ചുറ്റി മനോഹരിയായി മന്ദം, മന്ദം ഒഴുകുന്നു സ്വര്‍ണ്ണമുഖി. തീപ്പെട്ടികൂടുകള്‍ പോലെ താഴെകാണുന്ന കെട്ടിടങ്ങള്‍ പോക്കുവെയിലില്‍ വെട്ടി തിളങ്ങുന്നു. ദൂരെയുള്ള കുന്ന് ശിവന്‍റെ ജഡപോലെ കറുത്തിരുണ്ട് ഭീമാകാരം പൂണ്ടുനില്‍ക്കുന്നു. ഒരു കല്ലില്‍ ഇരുന്ന് കാളഹസ്‌തിയില്‍ പകല്‍ മാഞ്ഞ് രാത്രി വരുന്നതും നോക്കി ഞാനിരുന്നു….. ഇനി തിരിച്ചു മുറിയിലേക്ക് രാവിലെ ഇവിടുന്നു തിരുപ്പതിക്ക്. ബാക്കിവിശേഷങ്ങള്‍ അടുത്ത ഭാഗത്ത്.