അധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു പുരാതന ഇന്ത്യ. നിലനില്‍പ്പിനും, പ്രസസ്തിക്കും വേണ്ടി ഓരോരോ ഭരണാധികാരികൾ തങ്ങളാല്‍ കഴിയുന്നതുപോലെ കോട്ടകളും, ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും നിര്‍മ്മിച്ചു. ഇവ കാലത്തിന്‍റെ കുത്തൊഴുക്കില്‍ വെറും കാഴ്ച്ച വസ്തുക്കളായി മാറി. ഇത്തരത്തില്‍ ഒന്നുമല്ലാതായി തീര്‍ന്ന ഒരു ചരിത്ര വിസ്മയമാണ് ജിഞ്ചി കോട്ട. സേലത്തുള്ള സഞ്ചാരിയായ ഒരു സുഹൃത്താണ് ജിഞ്ചി കോട്ട എന്ന ചരിത്ര വിസ്മയത്തെക്കുറിച്ചു പറഞ്ഞത്. കേട്ട ഉടനെ ഗൂഗിള്‍ മാപ്പില്‍ നോക്കി സ്ഥലം മനസ്സിലാക്കി. മാപ്പില്‍ നോക്കിയപ്പോഴാണ് പോകാന്‍ ആഗ്രഹിച്ച സ്ഥലമായ തിരുവണ്ണാമല ജിഞ്ചിയില്‍ നിന്നും വെറും 40, k, m, മാത്രം. പിന്നെ ഒന്നും ആലോചിച്ചില്ല കെട്ടുമുറുക്കി ജിഞ്ചിയിലേക്ക്.

കോയമ്പത്തൂര്‍, സേലം, കല്ലകുറിച്ചി, വില്ലുപുരം, ജിഞ്ചി ഈ വഴിയാണ് പോയത് 557, k, m, ആണ് കൊച്ചിയില്‍ നിന്നും. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ജിഞ്ചി കോട്ട സ്ഥിതിചെയ്യുന്നത്. വാസ്തുവിദ്യാ മികവിന് പേരുകേട്ട തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണ് ജിഞ്ചി കോട്ട. പണ്ട് ബ്രിട്ടീഷുകാർ ജിഞ്ചി കോട്ടയെ കിഴക്കിന്‍റെ ട്രോയ് എന്നാണു വിശേഷിപ്പിച്ചത്. ജിഞ്ചി കോട്ട കാണുവാന്‍ രാവിലെ ചെല്ലണം അല്ലെങ്കില്‍ വെയിലുകൊണ്ട് കഷ്ട്ടപ്പെട്ടു പോകും. ജിഞ്ചി കോട്ട സ്ഥിതിചെയ്യുന്ന കുന്നുകളുടെ താഴ്വാരത്തെത്തി വണ്ടിയില്‍ നിന്നിറങ്ങി നോക്കി വാപൊളിച്ചു നിന്നുപോയി. ചുറ്റുമുള്ള മൂന്ന് കുന്നുകളിലായി പരന്നങ്ങനെ കിടക്കുന്നു ജിഞ്ചി കോട്ട. കൃഷ്ണഗിരി, രാജഗിരി, ചക്കിലിയ ദുർഗ് എന്നീ മൂന്ന് കുന്നുകളാണിത്. വടക്ക് കൃഷ്ണഗിരി, പടിഞ്ഞാറ് രാജഗിരി, തെക്ക് കിഴക്ക് ചക്കിലിയ ദുർഗ്. ഈ മൂന്ന് കുന്നുകളും ഒന്നിച്ച് ഒരു കോട്ട സമുച്ചയമാണ്.

ഈ കോട്ടകള്‍ക്ക് ചുറ്റും 800 അടി ഉയരത്തിലുള്ള വലിയ മതിലുകളാല്‍ തിരിച്ചിരിക്കുന്നു. മതിലിന്‍റെ ആകെ നീളം13 കിലോമീറ്റർ ആണ്. ഇത് മുഴുവന്‍ കണ്ടുകഴിയണമെങ്കില്‍ ഒരു ദിവസംകൊണ്ട് തീരുമോ എന്നതില്‍ സംശയമുണ്ട്. അവിടെയുള്ള ഓഫീസിൽ നിന്നും ടിക്കറ്റ് വാങ്ങി കോട്ടയുടെ കാര്യങ്ങള്‍ ചോദിച്ചു. പ്രധാന കോട്ടയായ രാജഗിരി കോട്ടകാണുവാന്‍ രാജഗിരികുന്നിനെ ലക്ഷ്യമാക്കി നടന്നു. ചക്കിലിയ ദുർഗ് കോട്ട മിക്കവാറും നശിച്ച നിലയിലാണ്. വലിയവാതലും, കരിങ്കല്‍ കമാനവും കടന്ന് കുറെ തണല്‍ മരങ്ങള്‍ നില്‍ക്കുന്ന കോട്ട മുറ്റത്തെത്തി. കോട്ടക്ക് പോകുന്ന വഴിയുടെ വലതു വശത്തായി പ്രൌഡഗംഭീരമായ ഒരു ഏഴുനില മന്ദിരം കണ്ട് അവിടേക്ക് ചെന്നു. കല്യാണ മഹൽ എന്ന കെട്ടിടമാണിത് ഒരു മനോഹര നിര്‍മ്മിതിയാണിത്. ഇതിന് എതിര്‍ വശത്തായി ആനകളെ കെട്ടിയിരുന്ന ഒരു വലിയ കെട്ടിടവും ആനകുളം എന്നു പേരായ വലിയ കുളവും . കുറെ മാറി ഒരു മനോഹരമായ ക്ഷേത്രവും കൂടാതെ കളപ്പുരകൾ, പൊതുജനങ്ങൾക്കുള്ള മീറ്റിംഗ് ഹാളുകൾ, പവലിയനുകൾ എന്നിവയും കോട്ടയിൽ ഉണ്ട്.

ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റെ ഓഫ് ഇന്ത്യയാണ് ഈ കോട്ട പരിപാലിക്കുന്നത്. കോൻ രാജവംശമാണ് പതിമൂന്നാം നൂറ്റാണ്ടില്‍ ഈ കോട്ടയുടെ പണി തുടങ്ങിയത്, തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യമാണ് ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ കോട്ട പിന്നീട് മുഗളന്മാരും, ബ്രിട്ടീഷുകാരും, ഫ്രഞ്ച്കാരും മാറിമാറി ഭരിച്ചു. അവസാനം ഭരണം കയ്യാളിയിരുന്ന മറാത്തക്കാര്‍ പത്തൊൻപതാം നൂറ്റാണ്ടിൽ ഈ കോട്ട ഉപേക്ഷിച്ചു. കോട്ടക്കവാടത്തിലെ നിർമ്മിതിയായ കല്ല്യാണമഹലും മറ്റു നിര്‍മ്മിതികളും ഇസ്ലാമിക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തീ പാറുന്ന വെയിലിനെ തീര്‍ത്തും അവഗണിച്ചുകൊണ്ട് കോട്ട ലക്ഷ്യമാക്കി കയറ്റം തുടങ്ങി. വലിയ പാറക്കല്ലുകള്‍ കൊത്തിയെടുത്തുണ്ടാക്കിയ കല്‍പടവുകള്‍ വളഞ്ഞും പുളഞ്ഞും മുകളിലേക്ക് ചുറ്റിപിണഞ്ഞു പോകുന്നു.

കുറെയേറെ മുകളില്‍ എത്തിയപ്പോള്‍ ഒരു ചെറുക്ഷേത്രവും തകര്‍ന്നടിഞ്ഞ കുളവും കണ്ടു. കുരങ്ങന്‍മാരുടെ വിഹാര കേന്ദ്രമാണ് ഇവിടം. തരം കിട്ടിയാല്‍ കയ്യിലുള്ളതെന്തും തട്ടിപറിക്കും അതിനാല്‍ കയ്യില്‍ ഒരു വടി കരുതുന്നത് നല്ലതായിരിക്കും. കയ്യില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. സൂര്യന്‍ തന്‍റെ ശക്തി മുഴുവന്‍ ഭൂമിക്കുമേല്‍ ചൊരിയുകയാണെന്ന് തോന്നുന്നു. നിന്നും ഇരുന്നും, ഒക്കെയായി ഒരുവിധം മുകളില്‍ എത്തി. മുകളില്‍ അതിവിശാലമായ കോട്ട ഒരു പാലം മാത്രമാണ് ഇതിലേക്കുള്ള ഏക വഴി. ശക്തിയായ കാറ്റ് ചൂടിന്‍റെ കാഠിന്യം കുറച്ചു. കോട്ട പലയിടങ്ങളിലും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. പണ്ട് അധികാരസ്വരങ്ങള്‍ മുഴങ്ങിയ കോട്ടയുടെ കൊത്തളങ്ങളില്‍ ഇന്നു പാമ്പും, നരിചീറുകളും കിടന്നു പുളയുന്നു. മനോഹരമായ ഒരു ക്ഷേത്രം, വാച്ച്ടവര്‍, ഒന്നുരണ്ട് പീരങ്കികള്‍ എന്നിവയാണ് ഇവിടുള്ളത്. ദൂരേ താഴ്വാരം മുഴുവന്‍ വെയിലില്‍ തിളങ്ങുന്നതും നോക്കി ഞാന്‍ കുറച്ചു നേരം നിന്നു. അകലെ കൃഷ്ണഗിരി കുന്നിലെയും ചക്കിലിയ ദുർഗ്ഗിലെയും ഇടിഞ്ഞു പൊളിഞ്ഞ കൊട്ടകളുടെ അവഷിഷ്ടങ്ങള്‍ ഉറുമ്പിന്‍ കൂടു പോലെ കാണുന്നു. അധികാരത്തിനും ധനത്തിനും വേണ്ടി എന്തൊക്കെ നേടിയോ അതൊന്നും കൊണ്ടുപോകാന്‍ കഴിയാതെ പോയ അധികാരി വര്‍ഗ്ഗങ്ങള്‍ങ്ങളുടെ ആത്മാക്കള്‍ ഇപ്പോള്‍ അലമുറയിടുന്നുണ്ടാകാം ;;; ഞാന്‍ പതുക്കെ വന്നവഴി തിരിച്ചിറങ്ങി ;;; എന്‍റെ സഞ്ചാര കാഴ്ച്ചകളില്‍ ചരിത്ര വിസ്മയമായ ജിഞ്ചി കോട്ടയും.